ഓരോ യാത്രയും ഓരോ അനുഭവമാണ്.വ്യത്യസ്തമായ ഒരു യാത്രാ വിവരണത്തിനാണ് ഞാൻ ശ്രമിക്കുന്നത്. യാത്രയിൽ കണ്ട കാഴ്ചകളുടെ സൗന്ദര്യത്തേക്കാൾ അനുഭവിച്ച വികാരങ്ങൾക്കാണ് ഞാൻ ഊന്നൽ നല്കുന്നത്
ഒരു സുഹൃത്തിന്റെ ചേട്ടന്റെ കല്യാണ വിരുന്നിൽ പങ്കെടുത്തശേഷം ഞാൻ മടങ്ങുകയായിരുന്നു. സന്ധ്യ രാത്രിക്ക് വഴി മാറിയ സമയം.ദീപാവലിയെ സ്വാഗതം ചെയ്ത് അങ്ങിങ്ങ് പൊട്ടുന്ന പടക്കങ്ങളെണ്ണി ഞാൻ കാട്ടാക്കട ബസ്റ്റാന്ടിൽ നിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്കു പോകാനുള്ള അമ്പൂരി ബസ്സെത്തി. ഒറ്റ സീറ്റിൽ ഒഴിവില്ല, എങ്കിലും വീട്ടിലെത്താനുള്ള തിടുക്കം കാരണം അതിൽ തന്നെ കയറി കമ്പിയിൽ തൂങ്ങി നില്പ്പായി. ബസ്സിനുള്ളിൽ സ്പിരിറ്റിന്റെ മണം തങ്ങി നില്ക്കുന്നു. ജോലി കഴിഞ്ഞു വീടുകളിലേക്ക് പോകുന്നവർ മൂർഖനും അണ ലിയുമൊക്കെ ആയതാണ് കാരണം.
ഈ അനുഭവ വിവരണത്തിലെ നായകൻ ഒരു മൂന്നു വയസ്സുകാരനാണ്. അവൻ ഞാൻ നിൽക്കുന്നതിന്റെ അടുത്തായുള്ള സീറ്റിൽ തന്റെ അച്ഛന്റെ മടിയിൽ ഇരിക്കുകയാണ്. കൂടെ അവന്റെ അമ്മയും ,ചേച്ചിയും , അമ്മുമ്മയും ഉണ്ട്. ഈ കുട്ടി കരയുകയാണ്. അവനെ എടുത്തിരിക്കുന്ന കൈകൾ മാറുന്നു, കളിപ്പാട്ടങ്ങൾ കവറിൽ നിന്നും തല നീട്ടുന്നു, മിൽക്കീബാറുകൾ നുറുങ്ങു കഷണങ്ങൾ ആകുന്നു. പക്ഷെ, പയ്യൻ നിർത്തുന്ന മട്ടില്ല! ഒടുവിൽ അതിവിദഗ്ധമായി ഞാൻ കാരണം മനസ്സിലാക്കി. അവന് ഒന്ന് മൂത്രമൊഴിക്കണം! (ചിരിക്കാൻ വരട്ടെ, നിങ്ങൾ അവന്റെ സ്ഥാനത്തു നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ ). ഈ ദുരവസ്ഥയിലാണ് കുട്ടിയെ അവന്റെ ബന്ധുക്കൾ മിട്ടായിയും കളിപ്പാട്ടവും വച്ച് അനുനയിപ്പിക്കുവാൻ ശ്രമിക്കുന്നത്.
ബസ്സ് അപ്പോഴും സ്റ്റാൻഡിൽ തന്നെ കിടക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ അവനേയും എടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ബസ്സിൽ ടിക്കറ്റ് കൊടുക്കാൻ തുടങ്ങി. അയാൾ പിന്നെയും സീറ്റിൽ തന്നെ ഇരുന്നു. അപ്പോഴും ഡ്രൈവർ കയറിയിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആ പിതാവ് കുട്ടിയെ മൂത്രമൊഴിപ്പിക്കാനായി പിന്നേയും എണീറ്റു. അപ്പോഴേക്കും ഡ്രൈവർ ബസ്സിൽ കയറി; കണ്ടക്ടർ ബെല്ലും കൊടുത്തു . "ഇനി വീട്ടിൽ ചെന്നിട്ടു മൂത്രമൊഴിക്കാം" എന്ന് പറഞ്ഞു കുട്ടിയെ ആശ്വസിപ്പിക്കാൻ നോക്കിയിട്ട് അയാൾ സീറ്റിലിരുന്നു.
കുട്ടിയുടെ കരച്ചിൽ ഉച്ചസ്ഥായിയിലായി. ലഹരിയുടെ ഉന്മാദാവസ്ഥയിലായിരുന്ന പല യാത്രക്കാർക്കും ഇത് അരോചകമായി. ഒടുവിൽ ഗത്യന്തരമില്ലാതെ ആ അച്ഛൻ അടുത്ത ബസ്സിൽ വരാമെന്നു ബന്ധുക്കളോടു പറഞ്ഞ് അവനെയും എടുത്തു വഴിയിൽ ഇറങ്ങി.
ഇവിടെ ആരെ കുറ്റം പറയണം? "വികാരങ്ങൾ" ഒട്ടും തന്നെ അടക്കി വയ്ക്കനാകാത്ത മൂന്നു വയസ്സുകാരനെയോ , സാമാന്യ യുക്തിയില്ലാത്ത അവന്റെ രക്ഷകർത്താക്കളെയൊ ? എന്തായാലും അവർ ഇറങ്ങിയ സ്റ്റോപ്പിൽ അവൻ പൂഴിമണ്ണിൽ ഒരു മഹാകാവ്യം രചിച്ചുകാണും!


.jpg)

.jpg)